പുടിന്‍ ഇന്ത്യയിലേക്ക്; യുഎസ് താരിഫ് തര്‍ക്കത്തില്‍ നിര്‍ണായകം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ഇത് സംബന്ധിച്ച സൂചനകള്‍ പങ്കുവച്ചത്

Russian President Vladimir Putin and narendra modi
Russian President Vladimir Putin is set to visit India soonfile
Edited by :Anoop N P
Last Updated :7 ഓഗസ്റ്റ് 2025, 4:56 pm IST

ന്യൂഡല്‍ഹി: ഇന്ത്യ - യുഎസ് വ്യാപാര താരിഫ് തര്‍ക്കങ്ങള്‍ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ഇത് സംബന്ധിച്ച സൂചനകള്‍ പങ്കുവച്ചത്. സന്ദര്‍ശനത്തിന്റെ തിയ്യതിയില്‍ ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.'ഇന്ത്യയും റഷ്യയും തമ്മില്‍, ദീര്‍ഘകാല ബന്ധമുണ്ട്, ഏറെ വിലപ്പെട്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഉണ്ടാകും. തീയതികള്‍ ഏതാണ്ട് അന്തിമമായി എന്ന് ഞാന്‍ കരുതുന്നു,' എന്നായിരുന്നു അജിത്ത് ഡോവലിന്റെ പ്രതികരണം.

യുഎസ് ഇന്ത്യ വ്യാപാര താരിഫ് തര്‍ക്കങ്ങള്‍ക്കിടെ പുരോഗമിക്കുന്ന അജിത്ത് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് പുടിന്റെ സന്ദര്‍ശനം സംബന്ധിച്ച പ്രതികരണം പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഉള്‍പ്പെടെയുള്ള വ്യാപാര ബന്ധമായിരുന്നു ഇന്ത്യ യുഎസ് വ്യാപാര ബന്ധത്തില്‍ നിലപാട് മാറ്റാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദം ശക്തമാക്കാന്‍ തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.

അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കൂടിക്കാഴ്ചയുടെ വേദി സംബന്ധിച്ച് ഉള്‍പ്പെടെ ധാരണയായിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

News Now

Summary

Russian President Vladimir Putin is set to visit India soon, National Security Adviser (NSA) Ajit Doval said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates