ഹിന്ദു അല്ലാത്തതിനാല്‍ പൂക്കളോ കുട്ടികളുടെ കളിപ്പാട്ടങ്ങളോ വില്‍ക്കരുത് എന്നു പറയാനാവില്ലെന്ന് കോടതി

സുപ്രീംകോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ന്യൂഡല്‍ഹി: ക്ഷേത്രത്തിന്റെ ഷോപ്പിങ് കോപ്ലക്‌സിലെ കടമുറികള്‍ക്കായുള്ള ലേലത്തില്‍ ഏതു മതത്തില്‍ പെട്ടവര്‍ക്കും പങ്കെടുക്കാമെന്ന് സുപ്രീം കോടതി. മതത്തിന്റെ പേരില്‍ മാത്രം ഒരാളെയും ലേലത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു തടയരുതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

ആന്ധ്രയിലെ ശ്രീശൈലം ക്ഷേത്രത്തിലെ ഷോപ്പിങ് കോംപ്ലക്‌സ് ലേലവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. മതത്തിന്റെ പേരില്‍ മാത്രം ആരെയും ലേലത്തില്‍ പങ്കെടുക്കുന്നതു തടയുകയോ കടമുറികള്‍ അനുവദിക്കാതിരിക്കുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

ക്ഷേത്ര ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറി ലേലത്തില്‍നിന്ന് അഹിന്ദുക്കളെ വിലക്കിക്കൊണ്ട് 2015ല്‍ ആന്ധ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ നിലവില്‍ ഉണ്ടായിട്ടും ലേലത്തില്‍ അഹിന്ദുക്കളെ പങ്കെടുപ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സയ്യിദ് ജാനി ബാഷ എന്നയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ക്ഷേത്ര പരിസരത്ത് വിശ്വാസത്തെ ഹനിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയോ ചൂതാട്ടമോ വിലക്കാം. എന്നാല്‍ ഹിന്ദു അല്ലാത്തതിനാല്‍ പൂക്കളോ കുട്ടികളുടെ കളിപ്പാട്ടങ്ങളോ വില്‍ക്കരുത് എന്നു പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.