ഐടി ആക്ടിലെ 66എ വകുപ്പ്: നടപടിയുമായി സുപ്രീം കോടതി, സംസ്ഥാനങ്ങള്‍ക്കു നോട്ടീസ്

ഐടി ആക്ടിലെ 66എ വകുപ്പ്: നടപടിയുമായി സുപ്രീം കോടതി, സംസ്ഥാനങ്ങള്‍ക്കു നോട്ടീസ്

സുപ്രീംകോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

ന്യൂഡല്‍ഹി: ആറു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 2005ല്‍ റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നുണ്ടെന്നു ചൂ്ണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി.

പൊലീസ് സംസ്ഥാന വിഷയം ആയതിനാല്‍ സംസ്ഥാനങ്ങളെ കക്ഷിചേര്‍ക്കുകയാണെന്ന് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ബിആര്‍ ഗവായ് എന്നിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ വശങ്ങളും പരിഗണിച്ച് സമഗ്രമായ ഉത്തരവായിരിക്കും കോടതി പുറപ്പെടുവിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി.

വിഷയത്തിന് രണ്ടു വശങ്ങളുണ്ടെന്ന്, ഹര്‍ജി നല്‍കിയ പിയുസിഎല്ലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി. ഒന്നു പൊലീസ് ആണ്. മറ്റൊന്ന് റദ്ദാക്കിയ വകുപ്പ് അനുസരിച്ചുള്ള കേസുകളില്‍ വിചാരണ നടത്തുന്ന കോടതികളുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്കു നോട്ടീസ് അയക്കാനുള്ള കോടതി നിര്‍ദേശം. കേസ് നല് ആഴ്ചയ്ക്കു ശേഷം കോടതി പരിഗണിക്കും.

കോടതി റദ്ദാക്കിയ 66എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകള്‍ എടുക്കുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now