മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു

2022 മെയ് 14 വരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്

സുശീല്‍ ചന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നു / എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സീനിയര്‍ അംഗമാണ് സുശീല്‍ ചന്ദ്ര. സുനില്‍ അറോറ വിരമിച്ച ഒഴിവിലാണ് സുശീല്‍ ചന്ദ്ര നിര്‍വാചന്‍ സദനിലെ പ്രധാന പദവിയിലേക്ക് നിയമിതനായത്.

2022 മെയ് 14 വരെ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ്, 2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ചെയര്‍മാനായിരിക്കെയായിരുന്നു സുശീല്‍ ചന്ദ്രയുടെ നിയമനം. 

അടുത്ത വര്‍ഷം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ നടക്കും. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാര്‍ച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മെയിലുമാണ് അവസാനിക്കുന്നത്.

1984 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗം. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പുതിയ അംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now