'മുതലമൈച്ചര്‍' സത്യപ്രതിജ്ഞ നാളെ; തമിഴ്‌നാട്ടില്‍ 'ജനനായകൻ' യുഗം തുടങ്ങുന്നു

120 എംഎല്‍എമാരുടെ പിന്തുണക്കത്ത് വിജയ് ഗവര്‍ണര്‍ക്ക് കൈമാറി

Tamil Nadu Governor Rajendra Vishwanath Arlekar meets TVK chief Vijay in connection with securing an invite from the latter to form the government
TVK chief Vijaypti
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :9 മേയ് 2026, 8:14 pm IST

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് വിജയ് പുതിയ തുടക്കമിടാന്‍ ഒരുങ്ങുന്നത്. നാളെ വൈകീട്ട് 3.15ന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍.

വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ മണിക്കൂറുകള്‍ നീണ്ട കണ്‍ഫ്യൂഷന്‍ അവസാനിപ്പിച്ച് അധികാരത്തിലേക്ക് വരുന്നത്. ടിവികെയ്‌ക്കൊപ്പം മുസ്ലീം ലീഗിന്റെ 2 എംഎല്‍എമാരും പിന്തുണ അറിയിച്ച് കത്തു നല്‍കിയതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.

234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വിസികെയ്‌ക്കൊപ്പം ലീഗും പിന്തുണച്ചതോടെ മൊത്തം 120 അംഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും വിജയ്ക്ക് സാധിച്ചു. 120 അംഗങ്ങളുടെ പിന്തുണക്കത്തുമായി വിജയ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടു. അദ്ദേഹം വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും നാടകീയമായി കാര്യങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.

116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വിസികെ പിന്തുണ കത്ത് ഇന്ന് നല്‍കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

234 അംഗ നിയമസഭയില്‍ 108 (വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടും വിജയിച്ചതിനാല്‍ ഫലത്തില്‍ 107 സീറ്റുകള്‍) സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

News Now

Summary

TVK chief Vijay to take oath as Chief Minister tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates