പ്രധാനമന്ത്രിയെ പരിഹസിച്ചു; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തകര്‍ച്ചയാണ് പവന്‍ ഖേരയുടെ പ്രസ്താവന വെളിവാക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:17 am IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു പരിഹസിച്ചതിനാണ് കേസെടുത്തത്. 

യുപിയിലെ ബിജെപി എംഎല്‍സി മുകേഷ് ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹസ്രത് ഗഞ്ച് പൊലീസിന്റെ നടപടി. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പവന്‍ ഖേരയുടെ വിവാദ പരാമര്‍ശം. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ അദാനിയുടെ പിതാവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പരിഹസിക്കുകയായിരുന്നു. ഇതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പരാമര്‍ശം കുറ്റകരമാണ്'. ഇതിന്റെ അടിസ്ഥാനത്തില്‍ പവന്‍ ഖേരയ്‌ക്കെതിരെ പരാതി നൽകിയതായി മുകേഷ് ശര്‍മ്മ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തകര്‍ച്ചയാണ് പവന്‍ ഖേരയുടെ പ്രസ്താവന വെളിവാക്കുന്നത്. രാഹുല്‍ഗാന്ധി നേതാവായശേഷം കോണ്‍ഗ്രസ് ഭാരവാഹികളുടെ നിലവാരം ദിനംപ്രതി താഴേക്ക് പതിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. 

പ്രധാനമന്ത്രിക്കെതിരായ ഇത്തരം മോശമായ പരാമര്‍ശങ്ങള്‍ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരനായ ഒരാള്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിലുള്ള അവജ്ഞയില്‍ നിന്നുണ്ടായ പരാമര്‍ശമാണിത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് മോദിക്കെതിരെ ഇത്തരം മോശം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now