പണമില്ലാത്തതിനാല്‍ ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്കു പോയത്.

ചിത്രത്തിന്റെ വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:59 am IST

News Now

ലക്‌നൗ: വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് സൗകര്യം നല്‍കാത്തതിനെ തുടര്‍ന്ന് വയോധിക മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.ഭര്‍ത്താവ് ഉന്തുവണ്ടിയില്‍ രോഗിയായ ഭാര്യയെ കൊണ്ടുപോയെങ്കിലും ചികിത്സ കിട്ടാതെ അവര്‍ മരിക്കുകയായിരുന്നു.  സാകുല്‍ പ്രജാപതി ഭാര്യയെ ഉന്തുവണ്ടിയില്‍ ചുമന്നുകൊണ്ട് പോകുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ബല്ലിയയിലാണ് സംഭവം നടന്നത്. വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു ക്ലിനിക്കിലാണ് സാകുല്‍ പ്രജാപതി ആദ്യം ഭാര്യയുമായി എത്തിയത്. എന്നാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സ് നല്‍കിയുമില്ല.

പണമില്ലാത്തതിനാല്‍ ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്കു പോയത്. അവിടെ ചെന്നപ്പോള്‍ കുറച്ച് മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍മാര്‍ ഭാര്യയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയും ആംബുലന്‍സ് തരപ്പെടുത്തിക്കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞില്ല.

ജില്ലാ ആശുപത്രി 15 കിലോമീറ്റര്‍ അകലെയാണ്. അവിടേക്ക് ഒരു മിനി ട്രക്ക് സംഘടിപ്പിച്ച് ഭാര്യയെ എത്തിക്കാന്‍ അഞ്ച് മണിക്കൂറാണ് പ്രജാപതിക്ക് വേണ്ടിവന്നത്. അത്രയും നേരം വൈദ്യസഹായം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അവസ്ഥ മോശമാകുകയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിക്കുകയും ആയിരുന്നു. മാര്‍ച്ച് 28നാണ് സംഭവം നടന്നത്. ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി ബ്രിജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates