സാക്ഷി മതി, ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല: സുപ്രീംകോടതി

ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

supreme court
സുപ്രീംകോടതിSource by : ഫയൽ
Last Updated :13 January 2025, 7:23 am IST

ന്യൂഡല്‍ഹി: നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മര്‍ദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികള്‍ പറഞ്ഞത്.

എന്നാല്‍, ഈ മൊഴികള്‍ വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാത്രവുമല്ല, കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ലെങ്കില്‍പ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now