കൂടുതല്‍ മക്കളുള്ളവര്‍ക്ക് കൂടുതല്‍ റേഷന്‍ ലഭിക്കും, അസൂയപ്പെട്ടിട്ട് കാര്യമില്ല ; വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി

കഴിഞ്ഞ 200 വര്‍ഷം അമേരിക്കയുടെ അടിമത്വത്തിന് കീഴിലായിരുന്നു ഇന്ത്യയെന്ന് തീരഥ് സിങിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്/ ട്വിറ്റർ
Last Updated :20 January 2024, 8:42 am IST
Edited by :migrator

നൈനിറ്റാള്‍ : വിവാദ പ്രസ്താവനയുമായി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊറോണക്കാലത്ത് കൂടുതല്‍ റേഷന്‍ ലഭിക്കുമായിരുന്നു എന്ന് തീരഥ് സിങ് പറഞ്ഞു. രണ്ടു കുട്ടികള്‍ ഉള്ളവര്‍ കൂടുതല്‍ റേഷന്‍ കിട്ടിയവരോട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നൈനിറ്റാളില്‍ ഇന്റര്‍നാഷണല്‍ ഫോറസ്റ്റ് ഡേയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വീട്ടില്‍ യൂണിറ്റിന് 5 കിലോ റേഷന്‍ വീതമാണ് വിതരണം ചെയ്തത്. ഇതനുസരിച്ച് 10 മക്കളുള്ളവരുടെ കുടുംബത്തിന് 50 കിലോ റേഷന്‍ ലഭിച്ചു. 20 മക്കളുള്ളവര്‍ക്ക് അതിലും ഇരട്ടി കിട്ടി. രണ്ടു മക്കളുള്ളവര്‍ക്ക് 10 കിലോ മാത്രം. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. രണ്ടു മക്കള്‍ മാത്രം മതിയെന്ന് തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 20 കുട്ടികളുള്ളവരെക്കുറിച്ച് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും തീരഥ് സിങ് റാവത്ത് പറഞ്ഞു.

കഴിഞ്ഞ 200 വര്‍ഷം അമേരിക്കയുടെ അടിമത്വത്തിന് കീഴിലായിരുന്നു ഇന്ത്യയെന്ന് തീരഥ് സിങിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ബ്രിട്ടന്‍ എന്നതിന് പകരം അമേരിക്ക എന്നു തെറ്റായി മുഖ്യമന്ത്രി പറയുകയായിരുന്നു. 
ഇന്ത്യയെ 200 വര്‍ഷം അടിമകളാക്കിയ അമേരിക്ക വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ബുദ്ധിമുട്ടുകയാണ്. ആരോഗ്യപരിപാലരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന അമേരിക്കയിലാണ് സ്ഥിതിയെന്നും തീരഥ് സിങ് പറഞ്ഞു. നേരത്തെ സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now