ഗുരുവായൂരിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി

വ്യാഴാഴ്ച രാവിലെ ശ്രീലകത്തു നിന്നും നൽകിയ അഗ്നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്.

Anguliyangam Kooth
ഗുരുവായൂരിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങിSource by : എക്സ്പ്രസ്
Last Updated :28 November 2024, 8:41 pm IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിവസങ്ങളിൽ അരങ്ങേറുന്ന അംഗുലീയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. വ്യാഴാഴ്ച രാവിലെ ശ്രീലകത്തു നിന്നും നൽകിയ അഗ്നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്.

പന്തീരടി പൂജയ്ക്ക് മുൻപ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങി. ദക്ഷിണ സ്വീകരിച്ച് ശ്രീലകത്തു നിന്ന് മേൽശാന്തി തീർഥവും പ്രസാദവും നൽകി. നാലമ്പലത്തിനുള്ളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാനും ദർശനം നടത്താനുമുള്ള അവകാശം അംഗുലീയാങ്കത്തിലെ ഹനുമാൻ വേഷധാരിയായ ചാക്യാർക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഹനുമാൻ നേരിട്ടു വന്ന് ഭഗവാനെ തൊഴുത് പ്രസാദം സ്വീകരിക്കുന്നു എന്നാണ് സങ്കല്പം. ശ്രീലകത്തു നിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുന്നതും ഹനുമാന് മാത്രമാണ്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now