ഭാര്യയ്ക്ക് രഹസ്യമായി മൊബൈല്‍ ഫോണ്‍; സംശയം മൂത്ത് ക്രൂരമായി കൊലപ്പെടുത്തി; യുവാവും കൂട്ടാളികളും അറസ്റ്റില്‍

ഉമ്മുകുല്‍സുവിന് രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീന്‍ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വാടകവീട്ടില്‍ മുപ്പത്തിയൊന്നുകാരി കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. കൊല്ലപ്പെട്ട  ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീന്‍ സുഹത്തുക്കളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് പൊലീസ് തിങ്കളാഴ്ച രാത്രി 10.30ഓടെ അറസ്റ്റുചെയ്തത്.

രണ്ട്, മൂന്ന് പ്രതികളായ ആദിത്യന്‍ ബിജു, ജോയല്‍ ജോര്‍ജ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യന്‍ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മര്‍ദനത്തെത്തുടര്‍ന്നുള്ള ആന്തരികരക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കടുത്ത സംശയരോഗിയായ താജുദ്ദീന്‍ ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീന്റെ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുല്‍സുവിനെയും മക്കളെയും കാറില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത്.

ഉമ്മുകുല്‍സുവിന് രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീന്‍ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫോണ്‍ കണ്ടെടുക്കാനെന്നുപറഞ്ഞ് ഇയാള്‍ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോള്‍ കാറോടിച്ചത് രണ്ടാം പ്രതിയാണ്.

ഈസമയത്തൊക്കെയും കാറില്‍വെച്ച് താജുദ്ദീന്‍ യുവതിയെ മര്‍ദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികള്‍ ഇതിന് സഹായംചെയ്തതായും പൊലീസ് പറഞ്ഞു. വൈകീട്ടോടെ അവശനിലയില്‍ യുവതിയെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീന്‍ കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. സിറാജുദ്ദീന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍വെച്ച് മരിച്ചിരുന്നു.

താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുല്‍സു സ്വന്തം വീട്ടിലായിരുന്നു. സംശയത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒരുമാസംമുമ്പാണ് ഇയാള്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയ ആദിത്യന്‍ ബിജു, ജോയല്‍ ജോര്‍ജ് എന്നിവരെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now