ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലുമാണ് രക്തക്കറ കണ്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now


എരുമപ്പെട്ടി: നാട്ടുകാരിൽ പരിഭ്രാന്തി പരത്തി റോഡിലും വീടുകളിലും രക്തക്കറ. ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലുമാണ് രക്തക്കറ കണ്ടത്. അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ പറയുന്നു. 

ഞായറാഴ്ച രാവിലെയോടെയാണ് വീടുകളുടെ പുറത്ത് രക്തക്കറ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണ് കിടക്കുന്നത് കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയോടെ പുത്തൂർ വീട്ടിൽ സിജോയുടെ വീടിന്റെ പുറകുവശത്തുനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വാഷിങ് മെഷീൻ മറിച്ചിട്ടിരിക്കുകയാണ്. പരിസരത്ത് ചോരപ്പാടുകളും ഉണ്ടായി.

നീലങ്കാവിൽ വീട്ടിൽ ഡേവീസിന്റെ വീടിന്റെ പുറകുവശത്തും ടെറസിനു മുകളിലേക്ക് കയറുന്ന പടികളിലും ടെറസിന്റെ മുകളിലും ചോരപ്പാടുകളുണ്ട്.  മുല്ലയ്ക്കൽ വീട്ടിൽ വിഷ്ണു ലാലിന്റെ വീട്ടുമുറ്റത്തും വീടിന്റെ ടെറസിനു മുകളിലും അറ്റത്ര വീട്ടിൽ ഹരിദാസിന്റെ വീടിന്റെ മുറ്റത്തും അന്തിക്കാട്ടിൽ വീട്ടിൽ ജേക്കബിന്റെ വീട്ടുമുറ്റത്തും ചോരത്തുള്ളികൾ വീണിട്ടുണ്ട്. ഒറുവൻ മാരിയിൽ മനോജിന്റെ വീടിന്റെ പുറകുവശത്തെ വെള്ളം വെച്ചിരുന്ന ബക്കറ്റിലും ചോരക്കറ കണ്ടെത്തി. വിളക്കുതല വീട്ടിൽ രാജീവിന്റെ വീടിന്റെ മുൻവശത്തെ പൈപ്പിനു താഴെ വെള്ളം നിറച്ച ബക്കറ്റിലും ചോരക്കറ കണ്ടെത്തി.

സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് വിദ​ഗ്ധരും പരിശോധന നടത്തി. എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി. ഇരതേടിയിറങ്ങിയ വന്യജീവികളുടെയോ ഇരകളുടേയോ ചോരത്തുള്ളികളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.