ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു

വി കെ ഇബ്രാഹിംകുഞ്ഞ് / ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയില്‍ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാര്‍ട്ടി വേദികളിലെത്തിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ ഇളവ് വേണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. 

തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും, മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നുമാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കിയിരുന്നു. 

ഹര്‍ജി ഹൈക്കോടതി തള്ളുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്, ഇബ്രാഹിംകുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. നേരത്തെ പള്ളിയില്‍ പോകുന്നതിനായി ഇബ്രാഹിംകുഞ്ഞിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജില്ല വിട്ടുപോകുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മലപ്പുറത്തെത്തിയ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളെ വീട്ടിലെത്തി കണ്ടത് വിവാദമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates