ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

ക്ഷേത്രങ്ങളില്‍ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും, രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്.

Complete ban on political programs at Thekkinkadu Maithanam; High Court order
തേക്കിന്‍കാട് മൈതാനം
Edited by :Sujith
Last Updated :15 ജൂലൈ 2026, 10:41 pm IST

കൊച്ചി: വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുന്‍കാല ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ക്ഷേത്രങ്ങളില്‍ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും, രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്. അതിനാല്‍ തന്നെ ഇത്തരം സ്ഥലങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്തരുതെന്ന് മുന്‍പും ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പല സംഘടനകളും പേര് മാറ്റി രാഷ്ട്രീയ പരിപാടികള്‍ക്കായി ഈ മൈതാനം തുടര്‍ന്നും ഉപയോഗിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇപ്പോള്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ പരിപാടികള്‍ക്കും മൈതാനം വിട്ടുനല്‍കരുതെന്ന കര്‍ശനമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ദേവസ്വം വകുപ്പിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും പരിപാടികള്‍ക്കായി തേക്കിന്‍കാട് മൈതാനം വിട്ടുനല്‍കുന്നതില്‍ തടസ്സമില്ലെന്നും അത് സൗജന്യമായി തന്നെ നല്‍കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരും.

സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാര്‍ക്കിങ്ങിനുമായി മൈതാനം നല്‍കരുതെന്നും വിധിയിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മാണ പ്രവര്‍ത്തനങ്ങളോ സൗന്ദര്യവല്‍ക്കരണ പദ്ധതികളോ നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

മൈതാനം വിവിധ പരിപാടികള്‍ക്കായി വിട്ടുനല്‍കുമ്പോള്‍ ബോര്‍ഡും സംഘാടകരും തമ്മില്‍ ഒപ്പുവെക്കുന്ന ലൈസന്‍സ് അല്ലെങ്കില്‍ വാടക കരാറില്‍ കര്‍ശനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പില്‍ മാലിന്യങ്ങള്‍ തള്ളുന്നതും കുന്നുകൂട്ടുന്നതും സസ്യാഹാരേതര ഭക്ഷണങ്ങളുടെ വില്‍പനയും ഉപഭോഗവും പൂര്‍ണമായും നിരോധിക്കണം. മാലിന്യം നിക്ഷേപിക്കുന്നത് ആവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞയുടന്‍ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്.

News Now

Summary

Complete ban on political programs at Thekkinkadu Maithanam; High Court order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates