മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്ദീപ് നായരുടെ കത്തിലും കേസെടുക്കും. 

ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയുള്ള എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രാഥമിക അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും ആ നിയമോപദേശം കൂടി പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും എഫ്‌ഐആറില്‍ പറയുന്നു.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയുടെ അനുമതിയോടെയായിരിക്കും കേസിന്റെ അന്വേഷണം. 

നേരത്തെ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് ഒരു പ്രാധമിക അന്വേഷണം നടത്തിയിരുന്നു. സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി ഈ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി നിയമോപദേശം തേടിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശമാണ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് നല്‍കിയത്. 

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും നേരിട്ടുള്ള ഏറ്റമുട്ടലിലേക്ക് എത്തുന്നത്. ഇഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാര്‍ നല്‍കിയ മൊഴിയും കേസെടുക്കുന്നതിലേക്ക് നയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now