തീപിടിച്ച കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, എറണാകുളം മുതല്‍ കൊല്ലം വരെ ജാഗ്രതാ നിര്‍ദേശം

തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

MV Wan Hai 503
MV Wan Hai 503 - കണ്ടെയ്‌നറുകള്‍ അടിയാന്‍ ഇടയുള്ള കേരള തീരമേഖല Special Arrangement
Edited by :Anoop N P
Last Updated :14 ജൂൺ 2025, 6:21 pm IST

കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 (MV Wan Hai 503)കപ്പലില്‍ നിന്ന് പതിച്ച കണ്ടെയ്നറുകള്‍ വരും ദിവസങ്ങളില്‍ കേരളതീരത്ത് അടിയും. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്‍ അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി വാന്‍ ഹയി 503 എന്ന സിംഗപ്പൂര്‍ കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത് എന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് കുറഞ്ഞത് 50 നോട്ടിക്കല്‍ മൈല്‍ അകലെയ്ക്ക് എങ്കിലും കപ്പലിനെ മാറ്റാനാണ് നീക്കം നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now