സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പിന്‍മുറക്കാരന്‍; ആരാണ് അനില്‍ മേനോന്‍?, വിശദമായി അറിയാം

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തിനില്‍ക്കുകയാണ് നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍.

anil menon
anil menonsource: nasa
Edited by :Dhanoj AM
Last Updated :11 ജൂലൈ 2026, 8:13 am IST

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തിനില്‍ക്കുകയാണ് നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ചൊവാഴ്ച്ച കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് എംഎസ് 29 പേടകത്തില്‍ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനില്‍ മേനോന്‍ കുതിക്കും. ഇന്ത്യന്‍ - അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോന്‍.

പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 49കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റോസ്‌കോസ്മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഈ ദൗത്യം ഏകദേശം എട്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. മലയാളിയായ ഏക എഐസിസി അധ്യക്ഷനായിരുന്ന ഒറ്റപ്പാലം മങ്കരയില്‍ ജനിച്ച ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പേരക്കുട്ടിയുടെ ചെറുമകന്‍ കൂടിയാണ് അനില്‍ മേനോന്‍. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മൂന്നാമത്തെ മകള്‍ കിഴക്കേപ്പാട്ട് പാലാട്ട് മാധവിയമ്മ വിവാഹം കഴിച്ചത് പ്രഫ. എം എ കാന്‍ഡത്തിനെയാണ്. ഇവരുടെ മകള്‍ കല്യാണിക്കുട്ടിയമ്മയുടെയും മങ്ങാട്ട് ഗോപാല്‍ മേനോന്റെയും മകനാണ് അനില്‍ മേനോന്റെ അച്ഛന്‍. ഗോവ വിമോചന യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലഫ്റ്റനന്റ് ജനറല്‍ കെ പി കാന്‍ഡത്ത് കല്യാണിക്കുട്ടിയമ്മയുടെ സഹോദരനാണ്.

ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്സിലെ സേവനത്തിനിടയില്‍ 'ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം' എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

2014-ല്‍ ഫ്ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

News Now

Summary

സ്വാതന്ത്ര്യസമര സേനാനിയായ ചെറ്റൂർ ശങ്കരൻ നായരുടെ വംശജനായ അനിൽ മേനോൻ ആരാണ്? വിശദമായി അറിയാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates