വിവാദങ്ങള്‍ക്കിടെ ഡോ. സിഎന്‍ വിജയകുമാരിക്ക് പുതിയ പദവി; കേന്ദ്ര സര്‍വകലാശാലയില്‍ ഡീന്‍

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്കാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

cn vijayakumari
ഡോ. സിഎന്‍ വിജയകുമാരി
Edited by :Sujith
Last Updated :26 നവംബർ 2025, 5:16 pm IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന ഡീന്‍ ഡോ. സിഎന്‍ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്കാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തത്.

കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോര്‍ട്ടിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. നേരത്തെ വിദ്യാര്‍ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതി വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ പരമോന്നത സമിതിയായ കോര്‍ട്ടിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

കേരള സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നേരെ സംസ്‌കൃതം വകുപ്പ് മേധാവിയായ സിഎന്‍ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഗവേഷക വിദ്യാര്‍ഥിയുടെ പരാതിയില്‍ സിഎന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

2015ല്‍ വിപിന്‍ കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നുവെന്നും പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ആക്ഷേപിച്ചെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

News Now

Summary

Dr. CN Vijayakumari has been appointed as the Dean of the Central University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates