ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി; പൊലീസിന്റെ പിടിയിൽ

28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

ചെരിപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിൽSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :26 January 2024, 9:33 am IST

മലപ്പുറം: ചെരിപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now