'അച്ഛാ എന്നെ അറിയുമോ?', കട അടയ്ക്കുന്നതിനിടെ ചോദ്യം, സ്കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്തു; യുവതി പിടിയിൽ

തങ്കപ്പൻ കട അടയ്ക്കാൻ തുടങ്ങുന്നതിനിടെയാണ് യുവതിയും യുവാവും എത്തിയത്

സരിത
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

പത്തനംതിട്ട; ബൈക്കിൽ എത്തി കച്ചവടക്കാരന്റെ സ്വർണമാല പറിച്ചെടുത്ത യുവതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽകോളനിയിൽ ശിവജിവിലാസത്തിൽ സരിത(27)യാണ് അറസ്റ്റിലായത്. മോഷണത്തിൽ ഇവരുടെ കൂടെയുണ്ടായിരുന്ന കാമുകൻ ഓടിരക്ഷപ്പെട്ടു. 

അടൂർ പതിനാലാം മൈലിൽ മാടക്കട നടത്തുന്ന, പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷനിലെ തങ്കപ്പവിലാസത്തിൽ തങ്കപ്പ(61)ന്റെ അഞ്ചുപവനുള്ള മാലയാണ് പറിച്ചെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 8.30-നാണ് സംഭവം. തങ്കപ്പൻ കട അടയ്ക്കാൻ തുടങ്ങുന്നതിനിടെയാണ് യുവതിയും യുവാവും എത്തിയത്. അച്ഛാ എന്നെ അറിയുമോ എന്ന് ചോദിച്ച് സരിത അടുത്തേക്ക് ചെന്നു. ഇല്ലെന്ന് തങ്കപ്പൻ മറുപടി പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ തങ്കപ്പന് പന്തികേട് തോന്നി. കട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ച അദ്ദേഹത്തെ യുവതിയും യുവാവും ബൈക്കിൽ പിന്തുടർന്നു. വഴിയിൽ വച്ച് തങ്കപ്പന്റെ സ്കൂട്ടറിന് കുറുകെ ബൈക്ക് വെച്ച ശേഷം മാല പറിച്ചെടുക്കാൻ ശ്രമിച്ചു. 

യുവാവിന്റെ കൈ തട്ടിമാറ്റാൻ തങ്കപ്പൻ ശ്രമിച്ചു. എന്നാൽ, യുവതികൂടി ഷർട്ടിൽ പിടിച്ചതോടെ ശ്രമം പാളി. യുവാവ്, തങ്കപ്പന്റെ മുഖത്തും നെഞ്ചിനും ഇടിച്ചു. കൈകളിൽ കടിക്കുകയും ചെയ്തു. മാല മുറുക്കെ പിടിച്ചെങ്കിലും ഇവർ പൊട്ടിച്ചെടുത്തു. ബഹളംകേട്ട് നാട്ടുകാരെത്തിയതോടെയാണ് യുവതി കുടുങ്ങിയത്. പറിച്ചെടുത്ത സ്വർണമാല സരിതയുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തു. ഓടിപ്പോയ പ്രതിയുടെ പേര് അൻവർഷാ എന്നാണെന്നും ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now