'ജനവികാരം കണ്ടല്ലോ? സര്‍ക്കാര്‍ തിരുത്തണം, പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല'

പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല. സ്ത്രീകള്‍ അവിടെ പോകരുതെന്ന് അപേക്ഷിക്കുന്നു. ശബരിമല യുവതീപ്രവേശം അനുവദിക്കാത്ത വിധിയുണ്ടാകട്ടെയെന്നും വെള്ളാപ്പളളി

Vellappally Natesan
വെള്ളാപ്പള്ളി മാധ്യമങ്ങളെ കാണുന്നു
Edited by :Sujith
Last Updated :16 ഫെബ്രുവരി 2026, 1:06 pm IST

ആലപ്പുഴ: ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനവികാരം മനസിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അയ്യപ്പഭക്തരെ ആകര്‍ഷിക്കുന്ന തീരുമാനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല. സ്ത്രീകള്‍ അവിടെ പോകരുതെന്ന് അപേക്ഷിക്കുന്നു. ശബരിമല യുവതീപ്രവേശം അനുവദിക്കാത്ത വിധിയുണ്ടാകട്ടെയെന്നും വെള്ളാപ്പളളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സുപ്രീം കോടതി വിധി എന്തായാലും സ്ത്രീകള്‍ ശബരിമലയിലേക്ക് പൂര്‍ണമായി പോകുകയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ പോകരുതെയെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു. അയ്യപ്പഭക്തര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധിയായിരുന്നു അത്. അതിന്റെ വികാരവിചാരങ്ങളെല്ലാം പ്രതിഷേധാര്‍ഹമായ രീതിയില്‍ കേരളം മുഴുവന്‍ അണപൊട്ടി. വിധി വന്നപ്പോള്‍ അനുകൂലിച്ചവരില്‍ പലരും ഇപ്പോള്‍ അതിനെ അനുകൂലിച്ചല്ല സംസാരിക്കുന്നത്. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കോടതി അവസരം നല്‍കിയിട്ടുണ്ട്. അതിനെ പറ്റി ചിന്തിച്ച് ഒരു തീരുമാനം കോടതി എടുക്കട്ടെ. സ്ത്രീ പ്രവേശനം സാധ്യമാക്കാത്ത സാഹചര്യമുണ്ടാക്കി അയ്യപ്പഭക്തരെ കൂടുതല്‍ ആകര്‍ഷിപ്പിക്കാവുന്ന രീതിയിലേക്ക് ഒരു തീരുമാനം ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം'

'സര്‍ക്കാര്‍ തിരുത്തണം. ജനവികാരം കണ്ടല്ലോ?. അതിനുപിന്നാലെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തിരുത്തിയതായി നമുക്ക് മനസിലാക്കാന്‍ കഴിയും. ഈ വിഷയത്തില്‍ എസ്എന്‍ഡിപി കക്ഷി ചേരേണ്ടതില്ല. ഇക്കാര്യത്തില്‍ ആശയം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സത്യവാങ്മൂലം നല്‍കണമോയെന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. തന്റെ അഭിപ്രായങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ എന്‍എസ്എസിനും എന്നാണ് മനസിലാക്കുന്നത്. ശബരിമലയിലെ പല വിശ്വാസങ്ങളും ആചാരങ്ങളും മാറ്റപ്പെടാം. ആചാരങ്ങള്‍ വരണം. ദുരാചരങ്ങള്‍ ഇല്ലാതാകണം. പക്ഷെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചടത്തോളം ഇന്ന് ആചാരമായി നില്‍ക്കേണ്ടത് മാറ്റപ്പെടേണ്ടതില്ല. നിലവിലെ അവസ്ഥ തുടരണം' - വെള്ളാപ്പള്ളി പറഞ്ഞു.

News Now

Summary

Government must correct its stance on Sabarimala women’s entry: SNDP Yogam General Secretary Vellappally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates