ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പ് സജ്ജം; ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷന്‍ ഉള്‍പ്പെടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കി.

Attukal Pongala
ആറ്റുകാല്‍ പൊങ്കാലഫയൽ
Edited by :ആതിര അഗസ്റ്റിന്‍
Last Updated :1 മാർച്ച് 2026, 3:50 pm IST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷന്‍ ഉള്‍പ്പെടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കി. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ 4 ബൈക്ക് ഫസ്റ്റ് റെസ്പോണ്‍സ് ടീം, ഗൂര്‍ഖ ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്ടേറ്റിലെ കണ്‍ട്രോള്‍ റൂമിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചു.

അന്തരീക്ഷ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ 12 ആശുപത്രികളില്‍ ചൂട് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്സി പൂന്തുറ, സിഎച്ച്സി ഐരാണിമുട്ടം, എഫ്എച്ച്സി ജഗതി, എഫ്എച്ച്സി കരമന, യുപിഎച്ച്സികളായ ആറ്റുകാല്‍, ചാല, ചാക്ക, കളിപ്പാന്‍കുളം, പാല്‍ക്കുളങ്ങര, രാജാജി നഗര്‍ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇത് കൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്സി ഐരാണിമുട്ടം എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം മാറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാല്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ നിരീക്ഷണ, നിയന്ത്രണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. അന്നദാനത്തിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അന്നദാനവുമായി ബന്ധപ്പെട്ട് 187 രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയാക്കി. ആറ്റുകാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് മൊബൈല്‍ ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആയുര്‍വേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാണ്.

News Now

Summary

Health department ready for Attukal Pongala; Things devotees should note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates