സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത

rain alert in kerala
rain alert in keralaഫയല്‍
Edited by :jayakumarna
Last Updated :3 ഓഗസ്റ്റ് 2025, 6:45 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ  വീണ്ടും കനക്കുന്നു. മധ്യകേരളത്തില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍  യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.

തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്. സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 മുതല്‍ 04/08/2025 രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് ഇന്ന് പകല്‍ 11.30 മുതല്‍ നാളെ പകല്‍ 11.30 വരെ 1.6 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

News Now

Summary

Rains are intensifying again in the state. The Central Meteorological Department has announced that there is a possibility of heavy rain in Kerala today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates