അതിവേഗ റെയില്‍: ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണം, ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

പദ്ധതിയുടെ സാമ്പത്തിക വശം അപൂർണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

CM VD Satheesan
മുഖ്യമന്ത്രി വിഡി സതീശന്‍
Edited by :Jayakumar
Last Updated :15 ജൂലൈ 2026, 11:23 am IST

തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇടക്കാല വിദഗ്ധ സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് സമിതി വിലയിരുത്തി. കെ റെയിലില്‍ പറ്റിയ അബദ്ധം ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൈ സ്പീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതു പരിശോധിക്കാന്‍ ധനകാര്യ വിദഗ്ധന്‍, റെയില്‍വേ വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും സമിതിയില്‍ അംഗമായിരുന്നു. ഹൈ സ്പീഡ് പദ്ധതി റിപ്പോര്‍ട്ട് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ലെന്നാണ് അവര്‍ വിലയിരുത്തിയത്.

കൃത്യമായ സാധ്യതകള്‍, യാത്രക്കാരുടെ എണ്ണം എന്നിവ തിട്ടപ്പെടുത്താതിനാലും യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില തുടര്‍നടപടികള്‍ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്ഥലം പരിശോധന, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം തുടങ്ങി യാതൊരു പ്രാരംഭ നടപടികളും ഇപ്പോള്‍ ആരംഭിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, പാരിസ്ഥിതിക പഠനം തുടങ്ങിയവ നടത്താതെ, കെ റെയിലിന് പറ്റിയ അബദ്ധം ഇതില്‍ ആവര്‍ത്തിക്കരുതെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ മൂന്നു നാലു കാര്യങ്ങളില്‍ പഠനം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗതം ഇല്ലാതെ യാത്രാസംവിധാനം മാത്രമാക്കുന്നത് വരുമാനത്തില്‍ സാമ്പത്തിക പ്രശ്‌നമാകുമെന്ന് സമിതി പറയുന്നു. ബദല്‍ മാര്‍ഗങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ പഠിക്കണം. ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിക്കുന്നതുമായ മെട്രോ, തുറമുഖ ഉള്‍നാടന്‍ ജലഗതാഗതവുമായുള്ള സംയോജനം എന്നിവയെക്കുറിച്ച് പഠിക്കണം എന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

News Now

Summary

High-speed rail project: Expert committee recommends against implementation in its current form: V D Satheesan says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates