1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ...

2025ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിവാസം കേരളത്തില്‍

Kerala tops charts in hospitalisation
Kerala tops charts in hospitalisation
Edited by :dhanojam
Last Updated :26 ഏപ്രിൽ 2026, 9:21 am IST

കൊച്ചി: 2025ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിവാസം കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (NSO) ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമായവരില്‍ 1,000ല്‍ 186 പേര്‍ക്ക് ആശുപത്രിവാസം വേണ്ടി വന്നു. ദേശീയ ശരാശരി 81 മാത്രമാണ്. കേരളത്തില്‍ മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഏറ്റവുമധികം ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

കേന്ദ്രഭരണ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍, ആശുപത്രി വാസം വേണ്ടി വന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1,000ല്‍ 226 പേരുമായി ലക്ഷദ്വീപാണ് ഒന്നാമത്. എല്ലാ പ്രായത്തിലുള്ളവരെയും കണക്കിലെടുത്താല്‍ ആശുപത്രിവാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം തന്നെയാണ് ഒന്നാമത്. 45-59 വയസ്സ് പ്രായപരിധയില്‍ കേരളത്തില്‍ 1,000ല്‍ 103 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. രണ്ടാമതുള്ള ത്രിപുരയില്‍ ഇത് 70 ആണ്. ദേശീയ ശരാശരി 41 മാത്രം. നാലു വയസിന് താഴെയുള്ള കുട്ടികളില്‍ കേരളത്തില്‍ 1,000ല്‍ 128 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. ദേശീയ ശരാശരി 34 ആണ്. 5-14 പ്രായ പരിധിയില്‍ കേരളത്തില്‍ 1,000ല്‍ 53 പേരാണ് 2025ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ദേശീയ ശരാശരി 11 ആയിരിക്കുമ്പോഴാണ് ഈ വര്‍ധന.

ഈ ഉയര്‍ന്ന നിരക്ക് കേരളത്തിലെ ജനങ്ങളുടെ മോശം ആരോഗ്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പുരുഷോത്തമന്‍ കുഴിക്കത്തുകണ്ടിയില്‍ പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കേരളത്തിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. മെച്ചപ്പെട്ട പരിചരണവും ചികിത്സയും നല്‍കാന്‍ ഇത് സഹായിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ലഭ്യതയും പ്രവേശനക്ഷമതയും മറ്റൊരു കാരണമാണ്,'- പുരുഷോത്തമന്‍ പറഞ്ഞു. കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലാണ്. ഇതും ഉയര്‍ന്ന ആശുപത്രിവാസ നിരക്കിന് കാരണമായിട്ടുണ്ട്.

'പ്രായം കൂടുന്നതിനനുസരിച്ച്, ഹൃദ്രോഗം, പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു,'- ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശുപത്രികളിലേക്ക് നമുക്ക് കൂടുതല്‍ പ്രവേശനക്ഷമത ഉള്ളതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മെച്ചപ്പെട്ട അവബോധവും വിദ്യാഭ്യാസവും ഉള്ളതിനാല്‍, ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം വൈദ്യസഹായം തേടുന്നു'- അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും പ്രതിരോധിക്കുന്നതിലൂടെ ഈ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അല്‍ത്താഫ് അലി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ പ്രായക്കാരിലും ആശുപത്രി വാസത്തിന്റെ നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലായത് കൊണ്ടാണ് ആശുപത്രിവാസ നിരക്ക് കൂടാന്‍ കാരണമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്, ഇത് കൂടുതല്‍ ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് കേസുകളിലേക്ക് നയിക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളുടെ ലഭ്യതയും ഈ നിരക്ക് വര്‍ധനയ്ക്ക് കാരണമാകും'- ഡോ. പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.

News Now

Summary

Kerala tops charts in hospitalisation; better infra, awareness cited

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates