സിനിമകളിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തും, കെവിൻ ലഹരിക്കടത്തിന്റെ കിങ്പിൻ, വിദേശയാത്രകളും അന്വേഷിക്കുന്നു

കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകളാണെന്ന് പൊലീസ് പറയുന്നു

Kevin Mathew
Kevin Mathew
Edited by :jayakumarna
Last Updated :19 ഏപ്രിൽ 2026, 1:20 pm IST

കൊച്ചി: മയക്കുമരുന്നു വിൽപ്പനയിലെ വമ്പൻ സ്രാവാണ് ലഹരിമരുന്നുമായി കഴിഞ്ഞദിവസം പിടിയിലായ തൃക്കാക്കര ചെമ്പുമുക്ക് സ്വദേശി കെവിൻ ബി മാത്യുവെന്ന് പൊലീസ്. ലഹരിവിതരണത്തിനായി യുവതികളും പെൺകുട്ടികളും ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ ഇയാൾക്കുണ്ട്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലഹരിമരുന്നുമായി പിടികൂടിയവർക്ക് ലഹരി എത്തിച്ചുനൽകിയത് കെവിനാണെന്നും പൊലീസ് പറയുന്നു.

തൃക്കാക്കര വാഴക്കാല ഭാഗത്ത് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് 42കാരനായ കെവിൻ പൊലീസിന്റെ വലയിലായത്. ഇയാളിൽനിന്ന് 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി ഗുളികകൾ എന്നിവയും മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച ഒരുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. സമീപകാലത്ത് കെവിൻ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒട്ടേറെ പെൺകുട്ടികളെ കെവിൻ ലഹരിക്കടത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സിനിമകളിൽ അവസരം വാഗ്ദാനംചെയ്തും മറ്റുമാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. പിന്നീട് ഇവരെ ലഹരിക്കടത്തിന് ഉപയോഗിക്കുകയായിരുന്നു. കെവിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കഴിഞ്ഞമാസം അവസാനം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉൾപ്പെടെ എട്ടുപേരെ കടവന്ത്ര പൊലീസ് ലഹരിമരുന്നുമായി പിടികൂടിയിരുന്നു. ഇവരിൽനിന്ന് കൊക്കെയ്ൻ, എംഡിഎംഎ, എക്സ്റ്റസി തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തു. ലഹരിപാർട്ടിക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടിക്കിടെയാണ് ദന്തഡോക്ടറും അഭിഭാഷകനും ഉൾപ്പെടെയുള്ള എട്ടുപേർ ഹോട്ടലിൽനിന്ന് പിടിയിലായത്.

പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് കെവിൻ ആണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകളാണെന്നും, പ്രതി ഇടയ്ക്കിടെ തായ്ലാൻഡ് അടക്കം സന്ദർശിച്ച് ലഹരി കടത്തിയെന്നും പൊലീസ് പറയുന്നു. കൊച്ചിയിലെ ലഹരിപാർട്ടികളിൽ കെവിൻ മാത്യു സ്ഥിരമായി ലഹരിവിതരണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

News Now

Summary

Police say that Kevin B. Mathew, a native of Thrikkakara, who was caught with narcotics, is a big shark in the drug trade.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates