കെപിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുക ലക്ഷ്യം; നിര്‍ണായക നീക്കവുമായി കൊടിക്കുന്നില്‍

എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ട് വിവിധ മത നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ് കൊടിക്കുന്നില്‍.

kodikkunnil suresh
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനുമായി കൊടിക്കുന്നില്‍ കൂടിക്കാഴ്ച നടത്തുന്നു
Edited by :Sujith
Last Updated :13 ജൂൺ 2026, 5:42 pm IST

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന് കൂടുതല്‍ സാധ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മുഖ്യമന്ത്രി വിഡി സതീശന്റെയും പിന്തുണ കൊടിക്കുന്നില്‍ ഇതിനകം ഉറപ്പിച്ചതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ കെപിസിസി പ്രസിഡന്റാകും കൊടിക്കുന്നില്‍.

എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ട് വിവിധ മത നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ് കൊടിക്കുന്നില്‍. എല്ലാവരുടെയും സ്വീകാര്യത തനിക്കുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. സി.എസ്.ഐ മലബാര്‍ ഭദ്രാസന ആസ്ഥാനത്ത് ബിഷപ്പ് ഡോ. റോയ്‌സ് മനോജ് കുമാര്‍ വിക്ടറുമായും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനുമായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും മുസ്ലിം ആത്മീയ നേതാവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും കൊടിക്കുന്നില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദസന്ദര്‍ശനമാണെന്നാണ് കൊടിക്കുന്നിലിന്റെ വാദമെങ്കിലും അത അങ്ങനെയല്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ പറയുന്നത്.

സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍, കേരളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം, മാനവസൗഹാര്‍ദ്ദം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് മുജീബ് റഹ്മാനുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. വ്യത്യസ്ത ആശയധാരകളെയും സംഘടനകളെയും കേള്‍ക്കുകയും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായി സംവദിക്കുകയും ചെയ്യുന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമ്പോഴാണ് കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കാനാകുക. ഇത്തരം സംവാദങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ഐക്യവും പരസ്പര വിശ്വാസവും വളര്‍ത്താന്‍ സഹായകമാകുമെന്നാണ് വിശ്വാസമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍, മതസൗഹാര്‍ദം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിലെ വെല്ലുവിളികള്‍, വിവിധ മത-സാമൂഹിക സംഘടനകള്‍ സമൂഹനിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്ക് തുടങ്ങിയ വിഷയങ്ങളാണ് ബിഷപ്പ് ഡോ. റോയ്‌സ് മനോജ് കുമാര്‍ വിക്ടറുമായും ജിഫ്രി മുത്തുക്കോയ തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പിന്തുണയും കൊടിക്കുന്നിലിനാണ്. സതീശന്റെയും സുധീരന്റെയും പിന്തുണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കൊടിക്കുന്നിലിന്റെ സാധ്യത ശക്തമാക്കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന.

News Now

Summary

Kodikunnil Suresh Makes Strategic Move to Secure KPCC President Chair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates