'വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം'; മത്സരിക്കാന്‍ താത്പര്യമെന്ന് കൃഷ്ണകുമാര്‍

മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും

Actor krishnakumar
നടന്‍ കൃഷ്ണകുമാര്‍/Actor krishnakumarfile
Edited by :Sujith
Last Updated :6 ജനുവരി 2026, 1:31 pm IST

തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പിടിവലി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചു. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മേയര്‍ പദവി വിവി രാജേഷിന് നല്‍കിയ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 'എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍. മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം' കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, വട്ടിയൂര്‍ക്കാവ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കെ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കെ സുരേന്ദ്രന്‍കൂടി തിരുവനന്തപുരത്ത് എത്തിയാല്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയായി തലസ്ഥാനജില്ല മാറും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016-ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയിലൂടെ സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരന്‍ മത്സരിച്ചേക്കുമെന്ന സൂചനകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now