ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി

ഹൈക്കോടതി, ഫയല്‍ ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

കൊച്ചി: ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും നിയമത്തിന് അതീതരല്ലെന്നും ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി. ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

ലക്ഷദ്വീപിലെ മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും നിലവില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആളെ, അച്ചടക്ക നടപടി പൂര്‍ത്തിയാവുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോടതി ദ്വീപ് ഭരണകൂടത്തോടു നിര്‍ദേശിച്ചു. ഈ നടപടി എല്ലാവര്‍ക്കും പാഠമായിരിക്കണമെന്ന് കോടതി പറഞ്ഞു.

കേസില്‍ പ്രഥമദൃഷ്ട്യാ മജിസ്‌ട്രേറ്റ് തിരിമറി നടത്തിയെന്നാണ് ബോധ്യമാവുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പെരുമാറ്റ ദൂഷ്യവും ചുമതലാ വീഴ്ചയുമാണ് മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കേസില്‍ മുന്‍ സിജെഎം കെ ചെറിയക്കോയ, അന്നത്തെ ബെഞ്ച് ക്ലര്‍ക്ക് പിപി മുത്തുക്കോയ, എല്‍ഡി ക്ലര്‍ക്ക് എപി പുത്തുണ്ണി എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൂവരും ജനുവരി 23ന് നേരിട്ടു ഹാജരാവണം. 

ക്രിമിനല്‍ കേസിലെ പ്രതിയോട് മജിസ്‌ട്രേറ്റ് വ്യക്തിവിദ്വേഷം വച്ച് പെരുമാറിയെന്നും ഇല്ലാത്ത തെളിവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിച്ചെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താത്ത തെളിവാണ്, ശിക്ഷ വിധിക്കുന്നതിന് ആധാരമായി മജിസ്‌ട്രേറ്റ് എടുത്തതെന്നും ഇതു വ്യാജമായി നിര്‍മിച്ചതാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates