വല്ലപ്പുഴയിലെ 15കാരിയെ കാണാതായ സംഭവം; യുവാവിന്റെ രേഖാ ചിത്രം പുറത്തുവിട്ടു

ഡിസംബർ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്

Missing 15-year-old girl
രേഖാ ചിത്രം, ഷഹന
Edited by :renjith.k
Last Updated :4 ജനുവരി 2025, 6:30 pm IST

പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാ ചിത്രം പുറത്തുവിട്ടത്.

ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ രേഖാ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ഡിസംബർ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്. വീട്ടിൽ നിന്നു ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചതനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. ഷഹനയുടെ വസ്ത്രമായിരുന്നു വെല്ലുവിളി.

എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അം​ഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now