പിതാവിന്റെ തല്ല് കിട്ടാതിരിക്കാന്‍ വീട് വിട്ടിറങ്ങി, മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; പെണ്‍കുട്ടിയെ അയല്‍വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി

പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

കാസര്‍കോട്: പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. സ്‌കൂളില്‍ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. തല്ല് കിട്ടാതിരിക്കാനായി വീടിന്റെ പിറകിലൂടെ പുറത്തേക്കു പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തിയിലായത്.സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടര്‍ന്ന് രാത്രി 11ന് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പിതാവെത്തി പരാതി നല്‍കുകയായിരുന്നു.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെ പിതാവിനെയും കൂട്ടി 4 പൊലീസുകാരോടൊപ്പം ബേക്കല്‍ സിഐ യു പി വിപിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി.

വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടിയെ കാണാതായ വിവരം അറിയിച്ചു.പൊലീസും സമീപവാസികളും ചേര്‍ന്നു മുപ്പതിലേറെ വീടുകളില്‍ പരിശോധിച്ചു. ഒടുവില്‍ രാത്രി ഒന്നിനു വീടിന് 100 മീറ്റര്‍ അകലെയുള്ള പണി തീരാത്ത വീട്ടിലെ ശുചിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. . പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയെ പിതാവിനോടൊപ്പം തിരിച്ച് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now