'ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു, നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതി വരെ പോയി'; കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ: എം എസ് എഫ് നേതാവ്

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പുനരന്വേഷണം ഉറപ്പായിരുന്നു എന്നും, ഇനി എങ്കിലും സത്യം പുറത്തുവരട്ടെയെന്നും കാസിം സമകാലിക മലയാളത്തോട് പറഞ്ഞു.

Kafir Screenshot Case
Mohammed Kasim Hails SIT Investigation Into Controversial Kafir Screenshot Case.
Edited by :Joice Daniel
Last Updated :3 ജൂൺ 2026, 7:37 pm IST

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണം ഉത്തരവിട്ടത് ഒരേ സമയം ആശ്വാസവും സന്തോഷവും നൽകുന്നുണ്ടെന്ന് കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട എംഎസ്എഫ് പ്രവർത്തകൻ മുഹമ്മദ് കാസിം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പുനരന്വേഷണം ഉറപ്പായിരുന്നു എന്നും, ഇനി എങ്കിലും സത്യം പുറത്തുവരട്ടെയെന്നും കാസിം സമകാലിക മലയാളത്തോട് പറഞ്ഞു.

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച കാസിം ഫോൺ പൊലീസിന് കൈമാറി. ഈ ഫോൺ ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും കാസിം പറഞ്ഞു.

“ഈ കേസുമായി ബന്ധപ്പെട്ട് കാലങ്ങളായി ഞാനും എന്റെ കുടുംബവും വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയെ വരെ സമീപിക്കേണ്ടിവന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്റെ ഫോൺ ഇന്നും പൊലീസിന്റെ കൈവശമാണ്,” കാസിം പറഞ്ഞു.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് തുടരന്വേഷണം നടത്തിയ പൊലീസ്, സിപിഎം അനുകൂല സൈബർ പേജുകളിലൂടെയാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയത്.

“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ഇതേ തന്ത്രം പേരാമ്പ്രയിലും കുറ്റ്യാടിയിലും ഉൾപ്പെടെ പ്രയോഗിച്ചു. എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് സിപിഎമ്മിന്റെ പരമ്പരാഗത സീറ്റായ പേരാമ്പ്രയിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ താഹിലിയയ്ക്ക് വിജയിക്കാനായത്,” കാസിം പറഞ്ഞു.

കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണത്തെയും പ്രത്യേകസംഘം അന്വേഷിക്കും.

News Now

Summary

Mohammed Kasim Hails SIT Investigation Into Controversial Kafir Screenshot Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates