പാലിയേക്കരയില്‍ ഈ മാസം ടോള്‍ പിരിവ് ഇല്ല; കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി

ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും

Paliyekkara toll Plaza
Paliyekkara toll Plazaഫയൽ
Edited by :dhanojam
Last Updated :25 സെപ്റ്റംബർ 2025, 11:32 am IST

കൊച്ചി: ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാമെന്നുമുള്ള ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയത്. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. വാദത്തിനിടെ ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം അറിയിക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്.

എന്നാല്‍ മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാമെന്നുമാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേശീയപാതയില്‍ നാലിടത്താണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇവിടെ ഏതുഭാഗത്തും മുരിങ്ങൂരില്‍ സംഭവിച്ചതിന് സമാനമായി സംഭവിക്കാം. ഗൗരവമായ വിഷയമായത് കൊണ്ട് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിഗണിച്ചാണ് ടോള്‍ പിരിവ് വിലക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടിയത്.

ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിപ്പാത നിര്‍മ്മാണം നടക്കുന്ന പല പ്രദേശങ്ങളിലും വലിയ കുഴികളുണ്ട്. ആ ഭാഗത്ത് സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. അതിനിടെ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ടോള്‍ പുനാരാരംഭിക്കാന്‍ അനുവദിക്കണമെന്നുമാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടത്.

News Now

Summary

No toll collection in Paliyekkara this month; case postponed to Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates