എന്‍എസ്എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക് സി തോമസ്

ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്

ജി സുകുമാരൻ നായർ, ജെയ്ക് സി തോമസ് / ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

കോട്ടയം: എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിനൊപ്പം നിന്നിട്ടില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എന്‍എസ്എസിന്റേതെന്നും ജെയ്ക് സി തോമസ് പറഞ്ഞു. 

ആര്‍എസ്എസ് അല്ല എന്‍എസ്എസ്. മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പ്രകടിപ്പിച്ച നേതൃത്വമാണ് എന്‍എസ്എസിന്റേത്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ അദ്ദേഹം ഇറക്കി വിട്ടിട്ടുണ്ട് എന്നും ജെയ്ക് പറഞ്ഞു. 

പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാന്‍ ആഗ്രഹിച്ച കേരളത്തിലെ ബിജെപിയുടെ ഒരു പ്രമുഖ നേതാവ് തന്റെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എത്തിയപ്പോഴാണ് സുകുമാരന്‍ നായര്‍ അദ്ദേഹത്തെ പുറത്താക്കിയത്. വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഏതു സമുദായ നേതൃത്വത്തിനും ഇടതുപക്ഷത്തോട് യോജിക്കാനാണ് കാരണങ്ങളുള്ളത് എന്നും ജെയ്ക് പറഞ്ഞു.

പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല : ജെയ്ക് സി തോമസ്

പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. വികസന വിഷയത്തില്‍ യുഡിഎഫിനെ വീണ്ടും സംവാദത്തിന് ക്ഷണിക്കുകയാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു. 

പഞ്ചായത്ത് ഓഫീസും കൃഷിഭവനും ചൂണ്ടിക്കാട്ടല്‍ അല്ല വികസനം. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയണമെന്നും ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു. ജെയ്ക് സി തോമസ് ഇന്നലെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ജെയ്ക് സി തോമസ്  കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now