പ്രണയിച്ച് വിവാഹം കഴിച്ചു; മകൾക്കും മരുമകനും എതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ചു; മകൾക്കും മരുമകനും എതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാതാപിതാക്കളുടെ ക്വട്ടേഷൻ. മകൾക്കും മരുമകനുമെതിരെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴ് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. 

മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തു വെച്ചായിരുന്നു അക്രമം. 

റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽ നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ട്.

News Now