തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്

Last Updated :20 January 2024, 8:34 am IST

News Now

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്. മൂന്ന് മണിക്കൂറിനിടെ 18.61 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. പോളിങ് ബൂത്തുകളില്‍ പലയിടത്തും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്.

തൃശൂരിലെ വടക്കാഞ്ചേരിയില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത് വിവാദമായി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. മന്ത്രി എ സി മൊയ്തീന്‍ രാവിലെ 6.56ന് വോട്ട് രേഖപ്പെടുത്തി എന്നാണ് അനില്‍ അക്കരയുടെ പരാതി. 

രാവിലെ ആറര മുതല്‍ തന്നെ ജില്ലകളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ എത്തിച്ചേര്‍ന്നു.  കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.

കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു. അത്രയും വോട്ടര്‍മാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ ശ്രമം നടക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates