വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം/ ഫയൽ
Last Updated :20 January 2024, 9:03 am IST

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന ആക്ഷേപത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ജയരാജന്‍ മര്‍ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചിട്ടില്ല. വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അവരെ ഇ പി ജയരാജന്‍ തടയുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളായിട്ടുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ നേരിട്ട് പൊലീസിലോ, കോടതിയില്‍ ഹാജരാക്കിയപ്പോഴോ ഇപി ജയരാജന്‍ മര്‍ദ്ദിച്ചതായി പറഞ്ഞിട്ടില്ല. 

ഇവരെല്ലാതെ പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരാണ് ഇ പി ജയരാജനെതിരെ ഇ മെയില്‍ മുഖേന ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഈ പരാതി നിലനില്‍ക്കുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ഈ പരാതി എന്ന വിലയിരുത്തലിന്റെ അടിസ്ഥാന്തതില്‍ കേസെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കുന്നു. 

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിയിട്ടു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ നടത്തിയത് കുറ്റകൃത്യമാണെന്നും കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now