ഓണ്‍ലൈന്‍ സംവിധാനത്തിന് പൊതു പ്ലാറ്റ്‌ഫോം; ജി സ്യൂട്ടുമായി കൈറ്റ് വിക്ടേഴ്‌സ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിനായി പൊതു പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌ വിക്ടേഴ്‌സ്

കൈറ്റ് വിക്ടേഴ്‌സ് ലോഗോ
Last Updated :20 January 2024, 8:46 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിനായി പൊതു പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌ വിക്ടേഴ്‌സ്. ജി സ്യൂട്ട് എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പൊതു ഡൊമൈനില്‍ കൊണ്ടുവരുന്നത്.

അധ്യാപകര്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഇതു വരെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം. ഇതില്‍ നിന്നും കുട്ടികള്‍ക്ക് കൂടി സംശയങ്ങള്‍ ചോദിക്കാനും ഇടപെടാനും കഴിയുന്ന  പ്‌ളാറ്റ്‌ഫോമാണ് കൈറ്റ്‌സ് ഒരുക്കുന്ന ജി സ്യൂട്ട്. ഗൂഗിള്‍ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്ന ഡറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും. 

സ്വകാര്യ സംവിധാനമാണെങ്കിലും ഇതില്‍ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള ഗൂഗിള്‍ മീറ്റ്, അസൈന്‍മെന്റുകള്‍ നല്‍കാനും, ക്വിസുകള്‍ സംഘടിപ്പിക്കാനും, മൂല്യനിര്‍ണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്‌ഫോമിലുണ്ടാകും. ഡാറ്റകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിലുണ്ട്.

എല്ലാവര്‍ക്കും ലോഗിന്‍ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാല്‍ ക്ലാസുകളില്‍ മറ്റുള്ളവര്‍ക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിന്‍ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിഷയങ്ങള്‍ തിരിച്ചും സ്‌കൂളുകളില്‍ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകള്‍ തത്സമയം റെക്കോര്‍ഡ് ചെയ്യാനും ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവുമുണ്ടാകും. 

സ്വകാര്യ സ്‌കൂളുകള്‍ നിലവില്‍ പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെക്കാള്‍ വിപുലവും ലളിതവുമായി സംവിധാനമായാണ് ജിസ്യൂട്ടിനെ കൈറ്റ് അവതരിപ്പിക്കുന്നത്. ജി സ്യൂട്ട് വഴി ട്രയലായി പൊതുവിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരമങ്ങള്‍ ലഭ്യമാക്കിയശേഷമാകും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകള്‍ തുടങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now