'യു പ്രതിഭ, കെകെ രമ, സികെ പത്മനാഭന്‍... തൃണമൂലില്‍ എത്തും; അന്‍വര്‍ അധികാരമോഹി; കത്ത് പുറത്ത്'

അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു.

PV Anvar
PV Anvar
Edited by :Sujith
Last Updated :20 ഏപ്രിൽ 2026, 8:22 pm IST

കൊച്ചി: രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയിലെടുക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്തുവിട്ടു.

മമതയെ കാണണമെന്ന് പറഞ്ഞാണ് പിവി അന്‍വര്‍ തനിക്ക് കത്ത് നല്‍കിയതെന്ന് വി ശിവദാസന്‍ പറഞ്ഞു. തന്ന കത്തില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരുപാട്‌ എംപിമാരുടെയും എംഎല്‍എമാരുടെയും എക്‌സ് എംപി, എക്‌സ് എംഎല്‍എമാര്‍, സിപിഎം നേതാക്കള്‍ എന്നിവരുടെ പേര് അടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തി അന്വേഷിച്ച് നോക്കിയപ്പോള്‍ അവര്‍ക്ക് ആര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഇതെല്ലാം അന്‍വര്‍ തന്നെ സ്വന്തമായി എഴുതിക്കൂട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ സ്ഥിരതയുമില്ലാത്ത ആളാണ് പിവി അന്‍വര്‍. അദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും ഇനി ജയിക്കില്ല. അദ്ദേഹം വെറും അധികാരമോഹിയാണ്. ഇന്ന് പറയുന്നത് അല്ല നാളെ പറയുക. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അത് നശിക്കും. അധികാരമില്ലാതെ പിടിച്ചുനില്‍ക്കാന്‍ അന്‍വറിന് കഴിയില്ലെന്നും ശിവദാസന്‍ പറഞ്ഞു.

യു പ്രതിഭ, ജി സുധാകരന്‍. സി ദിവാകരന്‍ തുടങ്ങിയ ഇടതുനേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് കത്തില്‍ പറയുന്നു. ഇവരെ കൂടാതെ് കോവൂര്‍ കുഞ്ഞുമോന്‍, കെപി മോഹനന്‍, കെകെ രമ, തോമസ് കെ തോമസ്, കെജെ ഷൈന്‍, കാരാട്ട് റസാഖ്, കെ നൗഷാദ്, എവി ഗോവിനാഥ്, സികെ പത്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, എസ് രാജേന്ദ്രന്‍, കെകെ ഷാജു, സുരേഷ് കുറുപ്പ്, പിസി തോമസ്, റോസക്കൂട്ടി ടീച്ചര്‍..., ഐഎം വിജയന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും തൃണമൂല്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ നേതൃത്വം കത്ത് പുറത്തുവിട്ടത്.

അതേസമയം, പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്ന് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേറ്റ് പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കും. മെയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഒന്നര വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. പഞ്ചായത്ത് തലത്തില്‍ വരെ കമ്മിറ്റി രൂപീകരിച്ച് നന്നായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വാഭാവികമായി ലഭിക്കേണ്ട ഒരു പിന്തുണയും ലഭിച്ചില്ല. അന്ന് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ ഒരു പ്രയാസവും ഇല്ല എന്നായിരുന്നു അന്നത്തെ ദേശീയ നേതൃത്വത്തിന്റെ നിലപാട്. കാര്യങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ ഇതില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തെയും പിന്തുണയ്ക്കാന്‍ ബംഗാളില്‍ അവര്‍ക്ക് പ്രയാസമുണ്ട് എന്ന് നേതൃത്വം അറിയിച്ചു. ബേപ്പൂരില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നിന്ന് ഒരു നേതാവിനെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു. ബംഗാളില്‍ അത് രാഷ്ട്രീയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് തൃണമൂലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.

News Now

Summary

PV Anvar is a leader lacking political stability": TMC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates