448 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് , സംസ്ഥാനത്ത് ഇനി മൊബൈല്‍ ലാബുകളും ; പരിശോധനയുടെ എണ്ണം കൂട്ടാന്‍  ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം

പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

തിരുവനന്തപുരം: രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. 

കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുവാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. 

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഉത്തരാഖണ്ധ്. ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍നിന്നുളളവര്‍ക്ക് പ്രവേശനം നല്‍കൂവെന്ന്  മഹാരാഷ്ട്ര, കര്‍ണാടക മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now