'മന്ത്രി സാറല്ല, അപ്പൂപ്പൻ'; സ്കൂൾ തുറക്കാത്തതിന്റെ വിഷമം പറഞ്ഞ കുഞ്ഞാവയെ നേരിട്ട് വിളിച്ച് വി ശിവൻകുട്ടി; വിഡിയോ

കളിക്കാൻ കൂട്ടുകാരില്ലെന്നും തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും തൻഹ മന്ത്രിയോട് പറഞ്ഞു

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:49 am IST
Edited by :migrator

സ്കൂൾ തുറക്കാത്തതിന്റെ പരിഭവം പറഞ്ഞു കരഞ്ഞ യുകെജി വിദ്യാർത്ഥിനിയെ വിഡിയോ കോൾ വിളിച്ച് ‌വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. "ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. " എന്നു പറഞ്ഞു കരയുന്ന കുഞ്ഞിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് വയനാട്ടിലെ മരിയനാട് സ്കൂളിലെ വിദ്യാർത്ഥിയായ തൻഹ ഫാത്തിമയെ തേടി മന്ത്രിയുടെ വിളിയെത്തിയത്. മന്ത്രി സാർ എന്നു വിളിച്ച കുഞ്ഞിനോട് വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ എന്നു വിളിച്ചാൽ മതിയെന്ന് ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. കളിക്കാൻ കൂട്ടുകാരില്ലെന്നും തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും തൻഹ മന്ത്രിയോട് പറഞ്ഞു. വീഡിയോ കോൾ വിളിക്കുന്നതിന്റെ വിഡിയോ മന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ചു. 

ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

"ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. "; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ചു ; സ്കൂൾ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. അത് ഫേസ്ബുക്ക് പേജിൽ ഞാൻ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വീഡിയോ കോൾ ചെയ്തു.

സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു.

കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now