ഇത്തവണ മന്ത്രിയില്ല, എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍; 2021 ആവര്‍ത്തിക്കും, ഫലം എങ്ങനെ അറിയാം?

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

SSLC exam
എസ്എസ്എല്‍സി പരീക്ഷMeta AI
Edited by :dhanojam
Last Updated :13 മേയ് 2026, 5:53 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്ത പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. സാധാരണനിലയില്‍ വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറ്.

മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടാവുക. പരീക്ഷാഫലം വിലയിരുത്തിയ പരീക്ഷാബോര്‍ഡ് യോഗമാണ് പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. വെള്ളിയാഴ്ച എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കുകയും ചെയ്തു.

ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപനത്തിനായുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. 15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

2021ലെ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയാണ് ഇത്തവണയും പിന്തുടരുന്നത്. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ്‌മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. റിസൽട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

News Now

Summary

SSLC results to be announced the day after tomorrow; Will repeat in 2021

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates