പാഠപുസ്തക വിതരണം വൈകിയെന്ന് പരാതി; അധ്യാപികയെ സ്ഥലം മാറ്റി

ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം പാഠപുസ്തക വിതരണ ചുമതല വഹിച്ചിരുന്ന അധ്യാപിക പി.എ. ബിന്ദുമോളെ ആനക്കര ഗവ. ഹൈസ്‌കൂളിലേക്ക് നിര്‍ബന്ധിതമായി സ്ഥലംമാറ്റി

Teacher Transferred Following Complaint Over Delay in Textbook Distribution
പ്രതീകാത്മക ചിത്രം എഐ ഇമേജ്‌
Edited by :Sujith
Last Updated :13 ജൂൺ 2026, 8:42 pm IST

പാലക്കാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് പാഠപുസ്തക വിതരണത്തില്‍ വീഴ്ച വരുത്തിയ അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം പാഠപുസ്തക വിതരണ ചുമതല വഹിച്ചിരുന്ന അധ്യാപിക പി.എ. ബിന്ദുമോളെ ആനക്കര ഗവ. ഹൈസ്‌കൂളിലേക്ക് നിര്‍ബന്ധിതമായി സ്ഥലംമാറ്റി.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഭാഷാ പാഠപുസ്തകങ്ങള്‍ക്ക് സമയബന്ധിതമായി ഇന്‍ഡന്റ് നല്‍കാത്തതാണ് വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ കാരണമായതെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറിയായിരുന്ന അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തുകയും തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണ റിപ്പോര്‍ട്ടിന്റെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ബന്ധിത സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപികയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തക്കുറവ് ഉണ്ടായതായി കണ്ടെത്തിയതിനാലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്ഥലംമാറ്റ ഉത്തരവ് നിലവില്‍ വന്ന തീയതി മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് മറ്റേതെങ്കിലും സ്ഥലംമാറ്റത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

അടുത്തിടെ വിദ്യാര്‍ഥിനി ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെ അതിവേഗം നടപടികള്‍ പുരോഗമിക്കുകയും, രണ്ടാം ശനിയാഴ്ചയായ പൊതു അവധി ദിവസത്തില്‍ പോലും സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തത് വിഷയത്തിന്റെ ഗൗരവം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി വിലയിരുത്തിയെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

News Now

Summary

Teacher Transferred Following Complaint Over Delay in Textbook Distribution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates