ജ്വല്ലറി ഉടമയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ കവർന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

തിരുവനന്തപുരം: ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് നൂറ് പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞു നിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരുക്കേൽപ്പിച്ചാണ് സ്വർണം കവർന്നത്. ആറ്റിങ്ങലിലെ ജ്വല്ലറിയിലേയ്ക്ക് കൊണ്ടുവന്ന സ്വർണമാണ് തട്ടിയെടുത്തത്. 

സ്വർണ ഉരുപ്പടികൾ നിർമിച്ച് ആഭരണക്കടകൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ (47)യും ഡ്രൈവർ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്നോ സിറ്റിക്കു സമീപം അജ്ഞാത സംഘം ആക്രമിച്ചത്. ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവരുടെ മൊഴി. 

പാറശ്ശാല ഭാഗത്തു നിന്നാണ് കാർ വന്നത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവർ കുറക്കോടുവച്ച് സമ്പത്തിന്റെ കാർ തടഞ്ഞു. കാർ നിർത്തിയ ഉടൻ മുന്നിലും പിന്നിലുമായി വന്നവർ ചാടിയിറങ്ങി വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് നഷ്ടമായത്.

തടയാൻ ശ്രമിച്ച ജ്വല്ലറി ഉടമയ്ക്ക് കൈയ്ക്ക് വെട്ടേറ്റു. ഡ്രൈവർ അരുണിനെ  അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച് വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മംഗലപുരം പൊലീസ് അന്വേഷണമാരംഭിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിസി എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വർണം കൊണ്ടുവരുന്നതറിഞ്ഞ് നേരത്തേ പദ്ധതി തയ്യാറാക്കിയെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates