വെള്ള കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം വെട്ടിക്കുറച്ചു, ഈ മാസം കിട്ടുക പകുതി അരി മാത്രം

കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നൽകിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നൽകുക

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

തിരുവനന്തപുരം; വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സാധാരണ റേഷൻ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് കുറച്ചു. മെയ് മാസത്തിലെ വിഹിതത്തിലാണ് കുറവ് വന്നത്. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നൽകിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നൽകുക. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കിൽ നൽകുന്നത് ഈ മാസവും തുടരും. 

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസവും 10 കിലോ സ്പെഷൽ അരി കിലോയ്ക്ക് 15 രൂപയ്ക്കു നൽകും. ബ്രൗൺ കാർഡ് ഉടമകൾക്കു 2 കിലോ വീതം സ്പെഷൽ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷൻ അരിക്കു കിലോയ്ക്കു 10.90 രൂപയ്ക്കും സ്പെഷൽ അരി കിലോയ്ക്കു 15 രൂപയ്ക്കുമാണ് ഇവർക്കു നൽകുക.

ആവശ്യത്തിനു സ്പെഷൽ അരി കടകളിൽ സ്റ്റോക്കില്ലെന്ന പ്രശ്നമുണ്ട്. ഈ മാസവും മണ്ണെണ്ണ വിതരണമില്ല. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ ഏറെക്കാലമായി മൂന്നു മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. മാർച്ചിലാണ് ഒടുവിൽ നൽകിയത്. മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ചു പിന്നീട് അറിയിക്കുമെന്നു ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now