കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്

thiruvananthapuram murder case
ജോൺസൺ ഔസേപ്പ് Source by : ടിവി ദൃശ്യം
Last Updated :25 January 2025, 9:16 am IST

News Now

തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ഈ മാസം ഏഴാം തിയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്.

കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

ജോണ്‍സണ്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി. കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി. 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates