ബൈക്കില്‍ കാറിടിച്ച് തെറിപ്പിച്ചു, കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

 കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്

സുമേഷ്‌
Last Updated :20 January 2024, 8:59 am IST

തിരുവനന്തപുരം:  ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂര്‍ പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു.  കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്.

തുടക്കത്തില്‍ വാഹനാപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമായത്.

ചാക്ക ബൈപ്പാസിലെ ബാറില്‍ നിന്ന് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബാറില്‍ വച്ച് മറ്റൊരു സംഘവുമായി സുമേഷ് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് കാറില്‍ കാത്തുനിന്ന സംഘം ചാക്ക ബൈപ്പാസില്‍ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബാറില്‍ വച്ചുണ്ടായ കയ്യാങ്കളിയാണ് പ്രകോപനത്തിന് കാരണം. കാട്ടാക്കട സ്വദേശികളായ പ്രതികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now