അമേരിക്ക കോടികള്‍ തലയ്ക്ക് വിലയിട്ട ഭീകരന്‍;  താലിബാന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടു 

കൊടുംകുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു

ഒമര്‍ ഖാലിദ് ഖൊറസാനി
Last Updated :20 January 2024, 9:05 am IST

കാബൂള്‍:  'പാകിസ്ഥാനി താലിബാന്‍' എന്ന് അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്റെ മൂന്ന് മുന്‍നിര കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒമര്‍ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്തി ഹസന്‍ എന്നിവരാണ് ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. ഖൊറസാനിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചതിനു പിന്നാലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കനത്ത ജാഗ്രതയിലാണ്. 

ഖൊറസാനിയും സംഘവും സഞ്ചരിച്ച കാര്‍ റോഡരികിലെ കുഴിബോംബില്‍ തട്ടിയുണ്ടായ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാനിസ്ഥാനിലെ കുനാര്‍, നന്‍ഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് ഖൊറസാനിയും സംഘവും പ്രവര്‍ത്തിച്ചുവന്നത്.

സമാധാന ചര്‍ച്ചകള്‍ക്കായി ടിടിപി നേതൃത്വവുമായി പാക് അധികൃതര്‍ ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സംഭവം. രണ്ടു മാസമായി പാക്കിസ്ഥാന്‍ സൈന്യവും ടിടിപി നേതൃത്വവും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാന്റെ മൊഹ്മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖൊറസാനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now