ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സതീശന്‍

വി ഡി സതീശന്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിയമ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സതീശന്‍ വ്യക്തമാക്കി. 

ചാന്‍സലര്‍ പദവി ഒഴിയുകയാണെണ് കാണിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ ഇന്നലെ സര്‍ക്കാരിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസില്‍ കിട്ടി, അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ താന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ-ഗവര്‍ണര്‍ പ്രതികരിച്ചു.

സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.