'അതൊരു സാധാരണ മരണമല്ല'; കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹത; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം

വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

കോഴിക്കോട്: കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിലെ ദുരുഹത പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചത്. 

തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച് പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി അടക്കം എല്ലാ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കും. മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കും. അവരുടെ നിര്‍ദേശം പരിഗണിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഹോരാത്രം പ്രയത്‌നിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 

News Now